കണ്ണൂർ: മകൾ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് റസീനയുടെ മാതാവ്. കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിനെ തള്ളി യുവതിയുടെ മാതാവ് ഫാത്തിമ രം​ഗത്തെത്തിയത്. റസീന മരിച്ചത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ആൺസുഹൃത്ത് കാരണമാണ് മകൾ ജീവനൊടുക്കിയതെന്നാണ് റസീനയുടെ മാതാവ് ആരോപിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്നും മാതാവ് കൂട്ടിച്ചേർത്തു.സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.നാൽപതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു.റസീനയുടെ ആത്മഹത്യക്കുറിപ്പിൽ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് ബന്ധമില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന. അതേ സമയം, ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടർനടപടികൾ.ചൊവ്വാഴ്ച്ചയാണ് നാൽപ്പതുകാരിയായ റസീന ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ആൾക്കൂട്ട വിചാരണയാണ് തന്റെ മരണ കാരണമെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകളും കുറിപ്പിലുണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!