കോഴിക്കോട്: ഒരു ജില്ലയ്ക്ക് സ്വന്തമായി മൃഗവും സസ്യവും എല്ലാം എത്തിയതിനു പിന്നാലെ കോഴിക്കോടിന് സ്വന്തമായി ഇനി പൈതൃക വൃക്ഷവും. ഈന്ത് ആണ് ജില്ലയുടെ പൈതൃക വൃക്ഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്രയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ ചെറിയ ഭൂഭാഗത്ത് മാത്രം വളരുന്ന ഒരു സ്ഥാനീയ സസ്യമാണ് ഈന്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്നതും ആളുകള്‍ക്ക് ഏറെ പരിചിതവും ആയത് കൊണ്ട് തന്നെ സംരക്ഷണം അര്‍ഹിക്കുന്ന ഈന്തിനെ കോഴിക്കോടിന്റെ പൈതൃക വൃക്ഷമായി തിരഞ്ഞെടുത്തത്. മറ്റല്ലാ വിഭാഗത്തിലും മൂന്നോ നാലോ ഏണ്ണം ഉണ്ടായിരുന്നപ്പോള്‍, പൈതൃക സ്പീഷിസ് വിഭാഗത്തില്‍ ഈന്തിനോട് മത്സരിക്കാന്‍ മറ്റൊരു പേരും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ല എന്നത് തന്നെ ഈന്തിന്റെ ജനപ്രിയതക്കുള്ള തെളിവാണ്.കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് ജില്ലാതല സ്പീഷിസുകള്‍ തിരഞ്ഞെടുത്തത്. അതില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജില്ലാതല സാങ്കേതിക സഹായ ഗ്രൂപ്പ്, ജില്ലാ കോഡിനേറ്റര്‍, മറ്റു വിദഗ്ധര്‍, ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതി പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, എന്നിങ്ങനെ ഏറെ പേരുണ്ടെന്ന് പൈതൃക വൃക്ഷ നോമിനേഷന്‍ കമ്മിറ്റി അംഗമായ ഗുരുവായൂരപ്പന്‍ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ.പി. രാജേഷ് പറഞ്ഞു. വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാറിക്കസ്സില്‍ ‘തൊടപ്പന’ എന്ന പേരില്‍ ഇതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗവും അടക്കമുള്ള സചിത്ര വിവരണം കൊടുത്തിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഉള്ളതു കൊണ്ടുതന്നെ, കുറച്ചു കാലം മുമ്പ് വരെയും ഇത് സാധാരണക്കാരുടെ പ്രിയപ്പെട്ട ചെടിയായിരുന്നു. വിത്തുകളുടെ ഉള്‍ക്കാമ്പ് പൊടിച്ചാണ് ഈന്ത് പിടി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇന്നും വളരെ അപൂര്‍വമായി ഈന്ത് പൊടി മാര്‍ക്കറ്റില്‍ ലഭ്യമാണ്.സാധാരണക്കാരുടെ വിശപ്പകറ്റുന്നതുകൊണ്ടുതന്നെ പറമ്പുകളില്‍ ഈ വന്യവൃക്ഷം സംരക്ഷിക്കപ്പെട്ടിരുന്നു. ഭംഗിയുള്ള ഇലകള്‍ അലങ്കാരത്തിനായും വ്യാപകമായി ഉപയോഗിച്ചിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പരിചിതമായ ഈന്തിന് സൈകസ് സിര്‍സിനാലിസ് എന്നാണ് ശാസ്ത്രീയ നാമം. സൈക്കഡേസി സസ്യകുടുംബത്തില്‍ പെടുന്ന സൈകസ് ജനുസ്സില്‍. ലോകത്താകമാനമായി 117 സ്പീഷിസുകള്‍ ഉള്ളതില്‍ സിര്‍സിനാലിസ്, ആനക്കലെന്‍സിസ്, നാതോര്‍സ്റ്റി എന്നീ മൂന്ന് ഇനം കേരളത്തില്‍ വന്യാവസ്ഥയില്‍ വളരുന്നു. സൈകസ് റവലൂട്ട നാട്ടില്‍ വ്യാപകമായി അലങ്കാര ചെടിയായി ചെടിയായി വളര്‍ത്തുന്നു. കാള്‍ ലിന്നെയസ് ഈന്തിന് സൈകസ് സിര്‍സിനാലിസ് എന്ന് പേര് കൊടുത്തത് ഹോര്‍ത്തൂസ് മലബാറിക്കസിലെ സചിത്ര വിവരണത്തെ അടിസ്ഥാനമാക്കിയാണ്. മുന്‍ കാലങ്ങളിലേത് പോലെ ഉപയോഗം കുറവായതിനാലാകാം, ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഇത് നീക്കം ചെയ്യപ്പെടുന്നു. എണ്ണം കുറയുന്നത് പരിഗണിച്ച് ഐ യു സി എന്‍ വംശനാശ ഭീഷണി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.