റിയാദ്: ഹജ്ജിന് ബുധനാഴ്ച തുടക്കം കുറിക്കും. ഇന്ത്യയിൽനിന്നുൾപ്പടെ തീർഥാടക ലക്ഷങ്ങൾ ഹജ്ജിനായി മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 122,518 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയിരിക്കുന്നത്. ഒരു മാസത്തിലേറെയായുള്ള തീർഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കൊച്ചിയിൽനിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മുഴുവൻ ഹാജിമാരും നേരത്തെ മക്കയിൽ എത്തിയിരുന്നു. 289 തീർഥാടകരുമായി കൊച്ചിയിൽനിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അർദ്ധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തി.വരും ദിനങ്ങളിൽ ഹാജിമാർ അടുത്തുള്ള പള്ളികളിലെ നമസ്കാരവും പ്രാർഥനയുമായി താമസകേന്ദ്രങ്ങളിൽ കഴിയും, ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതുവരെ. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാൻ ബാക്കിയുള്ളത്. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കം. ചൊവ്വാഴ്ച രാത്രി മുതൽ ഹാജിമാർ മിനയിലേക്ക് തിരിക്കും. കേരളത്തിൽനിന്നുള്ള ഹാജിമാർ ഹജ്ജിനുള്ള ഒരുക്കങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.ഇന്ത്യൻ തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസ് ശനിയാഴ്ച വൈകിട്ടോടെ നിർത്തിവെച്ചു. റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ സൗദി ട്രാഫിക് വിഭാഗത്തിെൻറ നിർദേശാനുസരണമാണ് നടപടി. ഹജ്ജിന് ശേഷം ദുൽഹജ്ജ് 15 വൈകീട്ടോടെ ബസ് സർവിസ് പുനരാരംഭിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!