കോഴിക്കോട്: ഈനാംപേച്ചിയെ ഇനി ആരും നിസാരക്കാരായി കാണരുത്. സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം ജില്ലയിൽ ഒട്ടേറെയിടങ്ങളിൽ ദൃശ്യമാകുന്ന മൃഗമെന്നതിനാൽ ഇനി മുതൽ ഈനാംപേച്ചി കോഴിക്കോടിന്റെ സ്വന്തം മൃഗമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആറായിരം എണ്ണത്തെ കൊന്നുവെന്ന് വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ള്യുസിസിബി) അടുത്തിടെ റിപ്പോർട്ട് ചെയ്ത ഈനാംപേച്ചിയെയാണ് കോഴിക്കോട് ജില്ലാ മൃഗമായി പ്രഖ്യാപിച്ചത്. ഗവ. ആർട്സ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. അബ്ദുൾ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ ജില്ലാമൃഗമായി നിർദേശിച്ചത്.ഉറുമ്പ് തീനി, അളുങ്ക് എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്ന ഇവിടത്തെ ഈനാംപേച്ചിയുടെ ശാസ്ത്രീയ നാമം ‘മാനിസ് ക്രാസി കോഡേറ്റ’യെന്നാണ്. ‘ഇന്ത്യൻ പാങ്കോളിൻ’ എന്നും ഇന്ത്യൻ ഉറുമ്പ് തീനിയെന്നുമുള്ള വിഭാഗത്തിലാണ് ശരീരം മുഴുവൻ ചെതുമ്പലുകളുള്ള ജീവി ഉൾപ്പെടുന്നത്. കാഴ്ചയിൽ ഒരു ഭീകരജീവിയുടെ രൂപമുണ്ടെങ്കിലും ഉറുമ്പും ചിതലും ചില ഷഡ്‌പദങ്ങളും മാത്രമാണ് ഭക്ഷണം. പല്ലുപോലുമില്ല. കോഴിക്കോട്ടെ ചെങ്കൽ കുന്നുകളിലും വനപ്രദേശങ്ങളിലും കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുള്ള ഇവ സസ്തനികളാണ്. ആരെങ്കിലും പിടിക്കാൻ ചെന്നാൽ പേടിച്ച് ചുരുണ്ട് പന്തുപോലെയാകും. ഇവയുടെ ചെതുമ്പലുകൾക്ക് വൻ ഔഷധഗുണമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇവയെ വേട്ടയാടുന്നത്.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്‌ചർ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ (റെഡ് ഡേറ്റാ ബുക്കിൽ) ഉൾപ്പെടുത്തിയ ഇവയെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. ഇവയെ കൊല്ലുന്നവർക്ക് രണ്ടു മുതൽ ഏഴുവർഷം വരെ തടവും കാൽലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!