കോടഞ്ചേരി: വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം. ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14), ഐവിന്‍ ബിജു (10) എന്നിവരാണ് മരിച്ചത്. കോടഞ്ചേരി അങ്ങാടിയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് ബിജു.കുട്ടികള്‍ ഞായറാഴ്ച വൈകീട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം മേഖലയില്‍ പൊടുന്നനെ അതിശക്തമായ കാറ്റും മഴയുമുണ്ടായി. ശക്തമായ കാറ്റില്‍പ്പെട്ട് തോടിന് സമീപത്തുനിന്ന ഒരു തേക്കുമരം വൈദ്യുതിലൈനിന് മുകളിലേക്ക് മറിഞ്ഞു വീണു. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയും കുട്ടികള്‍ക്ക് വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയും ആയിരുന്നു.ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ച് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പിന്നിട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!