മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിബിയില്‍ നിന്ന് എട്ട് പേരാണ് എം എ ബേബിയെ അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയെ ജനറൽ സെക്രട്ടറിയായി അന്തിമ അംഗീകാരം നൽകിയത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണന്‍ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോല്‍പല്‍ ബസു, തപന്‍ സെന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിര്‍ത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.സംഘപരിവാര്‍ രാജ്യത്ത് വന്‍ ശക്തിയായി വളര്‍ന്നുകൊണ്ടിക്കുമ്പോൾ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ബി ജെ പി ബദല്‍ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തില്‍ സി പി ഐ എം തുടരുമോ എന്നത് പ്രധാന ചോദ്യമാണ്. പശ്ചിമ ബംഗാള്‍, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക, കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ജനറൽ സെക്രട്ടറിയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍. യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്‌നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് എന്താവും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സി പി ഐ എം നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള ബേബി ജനറൽ സെക്രട്ടറിയായി വരുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്.എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്ന നേതാവാണ് എം എ ബേബി. 1979ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായ ബേബി 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം എ ബേബി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 2006ല്‍ കേരള സംസ്ഥാന നിയമസഭാംഗമായ എം എ ബേബി ആ വര്‍ഷം തന്നെ സംസ്ഥാന വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പു മന്ത്രിയായി ചുമതലയേറ്റു. 2012ല്‍ സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തി. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.പ്രായോഗികവാദിയായ നേതാവാണ് എം എ ബേബി. എസ്എഫ്ഐ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന നേതാവ് എന്ന നിലയിലും കലാ-സാംസ്‌കാരിക രംഗവുമായുള്ള അടുപ്പവും ബേബിയുടെ സാധ്യത വർധിപ്പിച്ചു. പിണറായി വിജയന്റെ നിലപാടായിരുന്നു ബേബിയിലേക്ക് ചർച്ച എത്താനുള്ള കാരണം. പുതിയ ജന.സെക്രട്ടറിയെ തീരുമാനിക്കാനുള്ള അവസാനവട്ട ചർച്ചയിൽ പിണറായി വിജയൻ, ബേബിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഭാരവാഹി ചർച്ചയിൽ അന്തിമമായ തീരുമാനം ഉണ്ടായത്.