കൊച്ചി: ഇരുമ്പനത്ത് സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പണം ആവശ്യപ്പെട്ട് സംഗീതയെ ഭർത്താവ് അഭിലാഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ 26 കാരിയായ എം എസ് സംഗീതയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ മരിക്കുന്നതിന് തലേ ദിവസവും മണിക്കൂറുകളോളം മർദ്ദിച്ചിരുന്നതായും കുടുംബം പരാതിപ്പെട്ടു.സംഗീതയും അഭിലാഷും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നതിനാൽ സംഗീതയുടെ വീട്ടിൽ നിന്ന് വിവാഹസമ്മാനമായി പണമോ സ്വർണമോ ഒന്നും നൽകിയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് പണം ആവശ്യപ്പെട്ട് അഭിലാഷ്, സംഗീതയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഗീത മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മൂന്ന് ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മർദ്ദനം തുടങ്ങി. മരിക്കുന്നതിന് തലേദിവസം മണിക്കൂറുകളോളം സംഗീതയെ മർദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു.മുൻപ് അഭിലാഷ് ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചതിനെത്തുടർന്ന് മൂക്കിന്റെ പാലം തകർന്ന സംഗീത ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അഭിലാഷ് സംഗീതയെ മർദ്ദിക്കുന്നതിൽ ആദ്യമൊക്ക ബന്ധുക്കൾ ഇടപെടുകയും മദ്ധ്യസ്ഥ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. വീടിന് അടുത്ത് മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ നോക്കുന്ന ജോലിയാണ് സംഗീത ചെയ്തിരുന്നത്. അഭിലാഷ് ഇവിടെയെത്തിയും ബഹളം ഉണ്ടാക്കുമായിരുന്നു. മുൻപ് സംഗീതയുടെ വീട്ടുകാരുടെ വാക്കാലുള്ള പരാതിയിൽ പൊലീസ് അഭിലാഷിനെ താക്കീത് നൽകി വിട്ടിട്ടുണ്ട്.സംഗീതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. എറണാകുളം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇരുമ്പനം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.