പൊന്നാനി: പെട്ടിക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത കച്ചവടക്കാരനെ ലഹരി സംഘം ആക്രമിച്ചു. കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ (19) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനിയിൽ ചമ്രവട്ടം ജങ്ഷനിലായിരുന്നു സംഭവം. എറണാകുളത്ത് എം.ഡി.എം.എയുമായി പിടിയിലായ കേസിലെ പ്രതിയാണ് നവനീത്. കത്തി വീശിയാണ് പ്രതികൾ കച്ചവടക്കാരനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ആക്രമണ സമയത് മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. നവനീത്, സഹോദരൻ വിനായകൻ എന്നിവർ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണ്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐ യാസിർ, ഹൈവേ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.