മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷക്കിടെ പ്ലസ് ടു വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തിൽ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മതിയായ കാരണം കൂടാതെ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞ ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി. പരീക്ഷാ കമ്മീഷണർ മാണിക്ക് രാജാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇത്തരം സംഭവവികാസങ്ങൾ ഉണ്ടായാൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സംഭവത്തിൽ മലപ്പുറം ആർഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പിഎം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും. കെഎംഎച്എച്എസ് മലപ്പുറം കുറ്റൂർ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.താൻ സംസാരിച്ചില്ലെന്നും മറ്റൊരു കുട്ടി തന്നോടാണ് സംസാരിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടും ഇൻവിജിലേറ്റർ അത് കേൾക്കാൻ വിസമ്മതിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഉത്തര കടലാസ് പിടിച്ചു വച്ചതിനാൽ സമയം നഷ്ടം സംഭവിച്ച് വിദ്യാർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. നന്നായി പഠിച്ചിട്ടാണ് ഇക്‌ണോമിക്‌സ് പരീക്ഷക്ക് എത്തിയതെന്നും വിദ്യാർത്ഥിനി പറയുന്നു. എല്ലാ ഉത്തരങ്ങളും തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആവശ്യം. സംഭവം ഗൗരവത്തിലെടുത്ത് സ്കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും അനാമികയുടെ കുടുംബം ആവശ്യപ്പെട്ടു.