തിരുവനന്തപുരം: അക്ഷരത്തെറ്റുകളുടെ പൊടിപൂരമാണ് ഹയര്‍സെക്കൻഡറി വിദ്യാർത്ഥികളുടെ മലയാളം പരീക്ഷ ചോദ്യപേപ്പറിൽ. പ്ലസ് ടു വിദ്യാർത്ഥികളുടെ മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഒരു ഡസനിലേറെ അക്ഷരത്തെറ്റ് കണ്ടെത്തിയത്. ‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും ‘വലിപ്പത്തില്‍’ എന്ന വാക്കിനെ ‘വലിപ്പിത്തി’ലെന്നും ‘ഉല്‍ക്കണ്ഠകളെ’ ‘ഉല്‍ക്കണങ്ങളെ’ന്നും ‘ആധി’യെ ‘ആധിയ’മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.കുട്ടികളിലെ അവധാരണശേഷി അളക്കാന്‍ നല്‍കിയ ഒഎന്‍വിയുടെ കവിതകളിലും ഗുരുതരമായ, പദത്തിന് അര്‍ഥവ്യത്യാസം വരുത്തുന്ന തരത്തില്‍, അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഏഴു പേജുള്ള ചോദ്യക്കടലാസില്‍ പതിനെട്ടിലധികം അക്ഷരത്തെറ്റുകള്‍! പദവിന്യാസത്തിലും അക്ഷരങ്ങള്‍ തമ്മിലുള്ള അകലത്തിലും വരെ വലിയ വ്യത്യാസം. ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് അക്ഷരത്തെറ്റുകൂടാതെ ഒരു വാചകം പോലും എഴുതാന്‍ ശേഷിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇരിക്കേയാണ് പരീക്ഷാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ചോദ്യക്കടലാസ് മാതൃഭാഷകൂടിയായ മലയാളം പരീക്ഷയ്ക്ക് അച്ചടിച്ചു നല്‍കിയത്.പൊതുപരീക്ഷാ നടത്തിപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനവും ഗൗരവമില്ലായ്മയും വിളിച്ചുപറയുന്നതാണ് ഈ പ്രവൃത്തി. ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമാണ് ഈ ചോദ്യക്കടലാസില്‍. ഇതിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം രക്ഷിതാക്കൾ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!