കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി യാസിറാണ് ഉന്നലെ വൈകിട്ട ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നും ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭാര്യയെ മൂന്നു വയസുള്ള മകളുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട യാസിറിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നേ പൊലീസ് പിടികൂടിയിരുന്നു. യാസിറിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയും ചികിത്സയിലാണ്.ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിർ എന്നാണ് നാട്ടുകാർ പറയുന്നത്. യാസിർ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിർ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഷിബില ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും റിപ്പോർട്ടുണ്ട്. യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരുന്നതെന്നാണ് വിവരം. പരാതിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം.ചൊവ്വാഴ്ച വൈകീട്ടോടെയാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിർ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. കഴുത്തിന് വെട്ടേറ്റ ഷിബില മരിക്കുകയായിരുന്നു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹ്‌മാന്റെ നില ഗുരുതരമാണ്.2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നുണ്ട്. നേരത്തെയും പ്രശ്‌നങ്ങളുണ്ടായപ്പോൾ മധ്യസ്ഥത വഹിച്ചുമുന്നോട്ട് പോയി. തന്റെ സ്വർണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്.ഭർത്താവിന്റെ വീട്ടിൽ നിന്നും പിണങ്ങി സ്വന്തം വീട്ടിലെത്തിയ ശേഷമായിരുന്നു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടിൽനിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ഷിബില പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യാസിറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു, എന്നാൽ യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ പൊലീസ് ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നും ആരോപണമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!