കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്താൻ പുതിയ കത്തിയും വാങ്ങി കരുതിക്കൂട്ടിയാണ് ആക്രമണത്തിനെത്തിയത്. കേസിൽ പിടിയിലായ ഭർത്താവ് യാസിറിനെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിനായി നോമ്പുതുറ സമയം തന്നെ തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്ന് സംശയിക്കുന്നതായി പൊലീസ്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും അമ്മ ഹസീനയ്ക്കും പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.ഇന്നലെ രാത്രി മെഡിക്കൽ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് സംഘം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധിക്കും.