തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവധി കഴിഞ്ഞത് 3591 സര്‍ക്കാര്‍ വാഹനങ്ങളെന്ന് റിപ്പോർട്ട്. വീല്‍സ് പോര്‍ട്ടലിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍വാഹനങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്ന പോർട്ടറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ. 15 വര്‍ഷം കഴിഞ്ഞ ഇവയുടെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചാലേ ഈ വാഹനങ്ങൾ പൊളിക്കാന്‍ കഴിയൂ. എന്നാൽ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള നടപടി സർക്കാർ ഇതുവരെയും മുൻപോട്ട് വെച്ചിട്ടില്ല. പൊളിക്കേണ്ടതില്‍ പകുതിയും ജീപ്പുകളാണ്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.പോലീസിനാണ് ഏറ്റവും കൂടതല്‍ വാഹനങ്ങള്‍ (916) നഷ്ടമാകുന്നത്. രണ്ടാംസ്ഥാനത്ത് ആരോഗ്യവകുപ്പാണ് (610). വനം (146), വിദ്യാഭ്യാസം (145), മോട്ടോര്‍വാഹനം (135), അഗ്നിരക്ഷാസേന (115), റവന്യു (100) എന്നിവയാണ് കൂടുതല്‍ വാഹനങ്ങള്‍ നഷ്ടമാകുന്ന മറ്റു വകുപ്പുകള്‍. അഗ്നിരക്ഷാസേനയുടെ ഫയര്‍ എന്‍ജിനുകളും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗം കുറവായതിനാല്‍ ഇവ കാലഹരണപ്പെട്ടിട്ടില്ലെന്നും അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു.കെഎസ്ആര്‍ടിസി മാത്രമാണ് കേന്ദ്രനിയമം മറികടന്ന് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. 2014 ബസുകള്‍ ഇപ്പോഴും സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഓടുന്നുണ്ട്. ഇതിനായി കേന്ദ്രവിലക്ക് മറികടന്ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഇവയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. പകരം വാഹനം പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.