കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിത്. പണ്ടത്തെ പോലെ ബസ് സ്റ്റോപ്പിലും കോളേജ് പരിസരത്തുമൊക്ക പൂവാലശല്യം മുൻപ് പതിവായിരുന്നു. എന്നാൽ, ഇപ്പോഴും ഇതിനു കുറവ് വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞപത്തുവര്‍ഷത്തിനിടെ കേസുകളുടെ എണ്ണം ഇരട്ടിയാവുകയും ചെയ്തു. കേരള പോലീസിന്റെ കൈയിലാണ് പൂവാലന്മാര്‍ ‘തഴച്ചുവളരു’ന്നതിന്റെ കണക്കുകളുള്ളത്. സംസ്ഥാനത്ത് 2016-ല്‍ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024-ല്‍ അത് 695 ആയി.വഴിവക്കിലും ബസ് സ്റ്റോപ്പുകളിലും ബസുകളിലും തീവണ്ടികളിലുമെല്ലാം സ്ത്രീകളെ ശല്യംചെയ്യുന്നവര്‍ കൂടി വരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ വിഭാഗത്തിലുള്ള പരാതികൾ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്. ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 79 പ്രകാരം ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി എന്നിവയാണ് ‘പൂവാലശല്യ’മായി ഉള്‍പ്പെടുത്തുന്നത്.ബസ് സ്റ്റോപ്പിലെ പൂവാലന്മാർ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് മാറിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെറുപ്പക്കാർ മുതൽ പ്രായമായ അമ്മാവന്മാർ വരെ സൈബറിടത്തിലെ പൂവാലന്മാരുടെ ഗ്രൂപ്പിലുണ്ട്. സ്റ്റോക്കിങ്ങും കെയറിങ്ങുമാണ് ഇക്കൂട്ടരുടെ മെയിന്‍. ഗുഡ്‌മോണിങ് മെസേജിലൂടെ ഉണര്‍ത്തുന്നതു മുതല്‍ സ്റ്റോറികള്‍ക്കും പോസ്റ്റുകള്‍ക്കും ലൈക്കും കമന്റും നല്‍കുന്നതും ഒടുവില്‍ ഗുഡ്‌നൈറ്റ് പറഞ്ഞ് ഉറക്കുന്നതുവരെയും ഇക്കൂട്ടര്‍ക്ക് വിശ്രമമില്ല.ലൈംഗികച്ചുവയുള്ള വീഡിയോകളും ഫോട്ടോകളും അയക്കുന്നവരും കുറവല്ല. സ്റ്റോക്കിങ് കൊണ്ട് പൊറുതിമുട്ടുമ്പോള്‍ പൂവാലന്മാരുടെ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ആക്കിയാലും രക്ഷയില്ല. ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങി വീണ്ടും ശല്യം തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. ഒടുവിൽ പോലീസിന്റെ മുമ്പിലെത്തും. താക്കിത് നൽകി വിട്ടയച്ചാലും രക്ഷയില്ല. ഫേക്ക് അക്കൗണ്ടുകളിൽ മുഖവും ശബ്ദാവും കാണിക്കാതെ അവർ മറഞ്ഞിരുന്ന് വീണ്ടും പൂവാലത്തരം തുടരുകയാണെന്ന് പോലീസ് പറയുന്നു.