മലപ്പുറം: എങ്ങനെയാണ് പരീക്ഷയിൽ കോപ്പിയടിക്കേണ്ടത് എന്ന് മാർഗ നിർദ്ദേശം നൽകുന്ന വിദ്യാർഥിയുടെ വീഡിയോ സൈബറിടത്ത് ചർച്ചയാകുന്നു. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർഥി യൂട്യൂബിലെ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൊട്ടാകെ വ്യാപകമായി പ്രചരിക്കുന്നത്. എങ്ങനെയാണ് കോപ്പി തയ്യാറാക്കേണ്ടത്, എവിടെയാണ് അത് ഒളിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത്. വിദ്യാർഥിയുടെ യൂട്യൂബ് അക്കൗണ്ടിൽ 7 ദിവസങ്ങൾക്ക് മുൻപാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്.കൂടാതെ എങ്ങനെയാണ് ഇൻവിജിലേറ്ററെ പറ്റിക്കേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നു. വീഡിയോ പങ്കുവെച്ച സിദ്ദീഖുൽ അക്ബർ പ്ലസ്ടു വിദ്യാർഥി കൂടിയാണ്. ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പിയടിച്ചെന്നും, സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോ പോസ്റ്റ് ചെയ്തത് കൂടാതെ യൂട്യൂബ് ലൈവിലെത്തിയും വിദ്യാർഥി ഇക്കാര്യങ്ങൾ വിശദീകരിച്ചു. ഇത്തരമൊരു വീഡിയോ പങ്കുവെച്ചതിൽ താൻ ഖേദിക്കുന്നില്ലെന്നാണ് വിദ്യാർഥി ലൈവിൽ പ്രതികരിച്ചത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർഥികൾ എന്ത് ചെയ്യുമെന്നും അതിനാലാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും വിദ്യാർഥി പറഞ്ഞു. അക്ബർ മൈൻ്റസെറ്റ് എന്ന സ്വന്തം സമൂഹമാധ്യമ ഐഡി വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.