കോട്ടയം: പള്ളിയിൽ നിന്ന് രണ്ടുലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ. വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നിന്നാണ് ഇയാൾ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 10നാണ് മോഷണം നടന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത ഇയാളെ ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. പർദയണിഞ്ഞ് തൃശൂർ വടക്കാഞ്ചേരി പള്ളിയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ വലയിലായതെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ് ഐ ജയകുമാർ, സിപിഒമാരായ മനീഷ്, ബിനു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.