വടകര: ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറിനെയാണ് (50) മരിച്ച നിലയിൽ കണ്ടത്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ. വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ആറ് മണിയോടെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. അസ്വാഭാവികത ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് മറ്റ് ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്. ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി.തുടർന്ന് നാട്ടുകാർ വടകര അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അഗ്നിശമനസേന പുറത്തെടുത്ത മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അജിത് കനാലിൽ ചാടി ആത്മഹത്യാ ചെയ്തതാണോ, അതോ മരണത്തിന് പിന്നിൽ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.