അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ച് സർക്കാർ. ഒരു പന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് പണം അനുവദിക്കുക. അതേസമയം സംസ്ഥാനത്ത് വ്യാപകമായി കാട്ടുപന്നികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. പന്നി അപകടകാരിയാണോ അല്ലയോ എന്ന വിജ്ഞാപനം പുറപ്പെടുവിക്കുക വനംവകുപ്പാണ്. ഈ പന്നികളെയാണു തദ്ദേശസ്ഥാപനങ്ങൾക്ക് കൊല്ലാനുള്ള അനുമതി നൽകിയിരിക്കുന്നത്.അതേസമയം കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യപിച്ചിരുന്നു. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ശ്രീധരൻ്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മേഖലയിലെ വന്യ മൃഗ ശല്യത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. ഉടൻ തന്നെ ടാസ്ക് ഫോഴ്സിന്റെ നേർതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുക. കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലകളാണ് ഇവ. പാനൂർ നഗരസഭ അധ്യക്ഷൻ, കൂത്തുപറമ്പ്- പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് അംഗം, വാർഡ് മെമ്പർ, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, എന്നിവർ ഉൾപ്പെടുന്നതായിരിക്കും ടാസ്ക് ഫോഴ്സ്.