നരിക്കുനി: ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് നെടിയനാട് എ യു പി സ്കൂളിലെ രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥി സായന്ത് കൃഷ്ണ ആറാം ക്ലാസ് വിദ്യാർത്ഥി ത്വാഹാ മൊയിനുദ്ദീൻ എന്നിവരാണ് അർഹത നേടിയത്.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിൽ ഇൻസ്പെയർ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പതിനായിരക്കണക്കിന് കുട്ടികളുടെ ആശയങ്ങളിൽ നിന്ന് 315 പേരുടെ ആശയങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നരിക്കുനി പഞ്ചായത്തിലെ സ്കൂളുകളിൽനിന്ന് ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കിയ ഏക പ്രൈമറി സ്കൂളും നെടിയനാട് എ യു പി സ്കൂളാണ്.