കൊച്ചി: ലഹരിക്ക് അടിമയായ പന്ത്രണ്ടുകാരൻ സഹോദരിക്ക് എംഡിഎംഎ നൽകി. 10 വയസുകാരിയായ സഹോദരികയ്ക്കാണ് പന്ത്രണ്ടുകാരൻ ലഹരി നൽകിയിരുന്നത്. രാത്രിയിൽ വീട്ടുകാർ ഉറങ്ങുന്ന സമയത്ത് വീട്ടിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത്. കുട്ടിക്ക് ലഹരി നൽകിയിരുന്നതാരാണെന്ന് പുറത്ത് വന്നിട്ടില്ല. ചില ദിവസങ്ങളിൽ കുട്ടി രാത്രിയിൽ ആരുമറിയാതെ പുറത്ത് പോയിരുന്നതായി വീട്ടുകാർ പറഞ്ഞു. തിരിച്ച് വീട്ടിൽ എത്തുന്ന കുട്ടി അസ്വാഭാവികമായി പെരുമാറാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. ലഹരി ഉപയോഗത്തിനായി കുട്ടി വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. ഇക്കാര്യം ചോദ്യം ചെയ്തതിനെ തുടർന്ന് കുട്ടി വീട്ടുകാരെ ആക്രമിച്ചു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മാതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി. തുടർന്ന് കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചു.ഇടയ്ക്കിടെ കുട്ടി അക്രമാസക്തനാകാറുണ്ടെന്ന് മാതാപിതാൾ പറയുന്നു. ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ലഹരിയുടെ ഉപയോഗം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയെന്നാണ് വിവരം. എന്നാൽ വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല എന്നാണ് ആരോപണം.