വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അഫാനുള്ളത്. ഇന്ന് ഇയാളെ കോടതിയിൽ എത്തിച്ച ശേഷമാകും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുക. ഇന്ന് വിശദമായി ചോദ്യം ചെയ്യാനും നാളെ തെളിവെടുപ്പ് നടത്താനുമാണ് പൊലീസിന്റെ തീരുമാനം.പാങ്ങോട്ട് കുടുംബവീട്ടിൽ പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ചയാണ് അഫാനെ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സെല്ലിൽ ചികിത്സയിലായിരുന്നു അഫാൻ. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാൻ 14 ദിവസത്തെ റിമാൻഡിലാണ്.വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് കേസുകളിൽ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പ് നടത്തുമ്പോൾ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേർന്നു.അതേസമയം, മകൻ അഫാൻ ചെയ്ത കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങൾ ചികിത്സയിൽക്കഴിയുന്ന മാതാവ് ഷെമിയോടു പറയാനാണ് ബന്ധുക്കളുടെ തീരുമാനം. അഫാന്റെ ആക്രമണത്തെത്തുടർന്ന് തലയിൽ 40 തുന്നലുകളുമായി ഷെമി ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഷെമിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റംവന്നതോടെയാണ് കൊലപാതകവിവരങ്ങൾ പറയാൻ ബന്ധുക്കൾ തീരുമാനിച്ചത്.ഭർത്താവായ റഹീമാകും ഷെമിയോടു കാര്യങ്ങൾ പറയുക. കഴിഞ്ഞ ദിവസങ്ങളിൽ റഹീമിനെക്കൊണ്ട് ഷെമിയോടു വിവരങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഷെമിയുടെ പ്രതികരണം എന്താണ് എന്നറിയാൻ, ബുധനാഴ്ച എത്തിയ ഡോക്ടറോട് മക്കളെ ചോദിച്ചപ്പോൾ അവർക്കും ഇതുപോലെ തലയ്ക്കു പരിക്കുപറ്റി ആശുപത്രിയിൽ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ഷെമിയുടെ മൊഴി ഇതുവരെ അന്വേഷണസംഘം എടുത്തിട്ടില്ല.ഇനി കൊലപാതകവിവരങ്ങൾ അറിയിച്ചിട്ടാകും പോലീസ് മൊഴിയെടുക്കുക. എന്നാൽ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഫാനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു മൊഴി. കട്ടിലിൽനിന്നു വീണ് തലയ്ക്കു പരിക്കേറ്റതെന്നായിരുന്നു പറഞ്ഞിരുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!