പത്തനംതിട്ട: കലഞ്ഞൂർ പാടത്ത് ഭാര്യയേയും ഉറ്റസുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഇരുവരും തമ്മിലുള്ള ര​ഹസ്യബന്ധം മനസ്സിലായതോടെയെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഉറ്റ സു​​ഹൃത്തുക്കളായിരുന്നു വിഷ്ണുവും ബൈജുവും. മരപ്പണിക്കാരായ ഇരുവരും ജോലിക്ക് പോകുന്നതും ഒരുമിച്ചാണ്. ഇന്നലെ വൈകിട്ടും ജോലി കഴിഞ്ഞ് ഇരുവരും ഒരുമിച്ചാണ് മടങ്ങിയെത്തിയത്.രാത്രിയിൽ കിടക്കാൻ തുടങ്ങവെയാണ് ബൈജു ഭാര്യയുടെ രഹസ്യ ഫോൺ കണ്ടെത്തിയത് എന്നാണ് വിവരം. തുടർന്ന് ഇയാൾ ഈ ഫോൺ പരിശോധിച്ചു. വാട്സാപ്പ് ചാറ്റിൽ നിന്നാണ് തന്റെ ഭാര്യക്ക് ഉറ്റ സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന് മനസ്സിലായത്. ഭർത്താവ് തന്റെ രഹസ്യ ഫോൺ പരിശോധിക്കുന്നത് കണ്ട വൈഷ്ണ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയോടിയ വൈഷ്ണവി വിഷ്ണുവിന്റെ വീട്ടിലേയ്ക്കാണെത്തിയത്. ഈ വീടുകൾ തമ്മിൽ നൂറു മീറ്ററോളം ദൂരം മാത്രമാണുള്ളത്. വിഷ്ണുവിന്റെ വീട്ടിലെ കതകിൽ തട്ടി വിളിക്കാൻ ശ്രമിച്ച വൈഷ്ണവിയെ പിന്നാലെയെത്തിയ ബൈജു കൊടുവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.ബൈജുവിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി അമ്മയ്ക്കൊപ്പം വാടകയ്ക്കാണ് വിഷ്ണു താമസിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു വിഷ്ണുവും ബൈജുവുമെന്നും അയൽവാസി പറഞ്ഞു. ഒരേപാത്രത്തിൽ ഉണ്ട്, ഒരേ പായയിൽ ഉറങ്ങിയവരായിരുന്നു. അടുത്തടുത്ത് വീടുകളിലാത്ത പ്രദേശമാണ്. അതിനാൽ കരച്ചിലോ ബഹളമോ കേട്ടില്ലെന്നും അയൽവാസി പറഞ്ഞു. ബൈജുവിനും വൈഷ്ണയ്ക്കും രണ്ട് മക്കളാണുള്ളത്.ഇക്കഴിഞ്ഞ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ബൈജുവിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട വിഷ്ണു. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബൈജു തന്നെയാണ് വിവരം സു​ഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വൈഷ്ണവി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരിക്കുകയായിരുന്നു. ഭാര്യ വൈഷ്ണവിയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്ന് എഫ്ഐആർ. കൊലപാതകത്തിന് ബൈജു ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!