കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.ഹൈക്കോടതി ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്ന് മഞ്ജുഷ പറഞ്ഞു. കോടതിയിൽ നല്ല വാദമുഖങ്ങൾ അവതരിപ്പിച്ചു. ആദ്യ അഭിഭാഷകനെ മാറ്റി രാംകുമാറിനെ നിയമിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു.യൂട്യൂബ് ചാനൽ വഴി അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മൂത്ത മകൾ. അച്ഛന്റെ സഹോദരനെതിരെയാണ് അപവാദപ്രചരണങ്ങൾ. കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അത് കുടുംബത്തെ വേദനിപ്പിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മൂത്ത മകൾ ആവശ്യപ്പെട്ടു. പോലീസിൽ നിന്ന് നീതി കിട്ടാതെയാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പോലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു.