കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വളര്‍ത്തുനായയെ അജ്ഞാതജീവി കടിച്ചുകൊന്നു. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തുനായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട വളര്‍ത്തുനായയെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നായയെ ബന്ധിച്ച ചങ്ങലയില്‍ തല മാത്രമാണ് ബാക്കിയുള്ളത്. രാത്രി നായയുടെ കുര കേട്ട് നോക്കിയപ്പോള്‍ പുലിയെന്ന് സംശയിക്കുന്ന ജീവി നായയെ ആക്രമിക്കുന്നത് കണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.പീടികപ്പാറ ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസര്‍ പി.സുബീറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ പുലിയാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. സമീപ പഞ്ചായത്തായ കാരശ്ശേരിയിലെ വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇവിടങ്ങളിലും നേരത്തെ വനം വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. വലിയ ഭീതിയിലൂടെയാണ് ജനവാസ മേഖലകൾ കടന്നുപോകുന്നത്.