റിയാദ്: സൗദിയിൽ ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ പ്രവാസി മലയാളി മരിച്ചു. ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് ഇദ്ദേഹം മരണപ്പെട്ടത്. മലപ്പുറം താനൂർ കാരാട് സ്വദേശിയായ സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇദ്ദേഹത്തിന് അപകടമുണ്ടായത്.15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടാകുന്നത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഫൽ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹിക സേവനങ്ങളിൽ പങ്കാളിയായിരുന്നു നൗഫൽ. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ. മരണാനന്തര നടപടികൾക്കുവേണ്ടി ഇദ്ദേഹത്തിന്റെ സഹോദരൻ സൗദിയിലെത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.