തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ ജനപ്രിയ പദ്ധതികൾ എങ്ങനെ പ്രഖ്യാപിച്ച് നടപ്പാക്കാനാകുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.നികുതിയേതര മാർഗങ്ങളിലൂടെയുള്ള വരുമാന വർധനവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാകും ബജറ്റിലുണ്ടാകുക എന്നാണ് സൂചന. പരമ്പരാഗത ഇടതു നയങ്ങളിൽ നിന്ന് വഴിമാറിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നത് ഉൾപ്പെടെയുള്ള ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഇനി അധികനാൾ ഇല്ലെന്നതും സർക്കാരിനും സിപിഎമ്മിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.മൂന്ന് വർഷം കൊണ്ട് മുഴുവൻ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വർധനക്കുമുണ്ടാകും നിർദ്ദേശങ്ങൾ.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടി നൽകുന്നത് മുതൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട ജനപ്രിയ നിർദ്ദേശങ്ങൾ എന്തൊക്കെയാകുമെന്നും ബജറ്റ് ഉറ്റുനോക്കുന്നു. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ നിന്നെ എന്ന ചോദ്യം പക്ഷെ ബാക്കിയാണ്.