കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടാൻ 30 മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് പ്രതിയിലേക്കെത്തുന്ന ചില സൂചനകൾ ലഭിച്ചത്. പ്രതിയുടെ മൊബൈൽ ഫോണുകളിൽ ഒന്നിന്റെ സിഗ്നൽ കോഴിക്കോട് തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ആ ഫോൺ ഓഫാകുകയും ചെയ്തു. ഇതേത്തുടർന്ന് പോലീസ് ചെന്താമരയ്ക്കായുള്ള അന്വേഷണം കോഴിക്കോട് ജില്ലയിലും ശക്തമാക്കി.കൊലപാതകശേഷം ഇയാൾ ഓടിപ്പോയി എന്ന് കരുതുന്ന കാട് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും പോലീസ് തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയൽപക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപെടുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് രണ്ട് മാസം മുൻപ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.