കോഴിക്കോട്: നാദാപുരത്ത് പട്ടാപ്പകൽ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും തമ്മിൽ കൂട്ടത്തല്ല്. ബംഗാൾ സ്വദേശികളാണ് നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. ഇവർ തമ്മിലുള്ള കൂട്ടയടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണ് ആദ്യം പ്രശ്നം തുടങ്ങിയത്. ഒരു ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. യുവതിക്ക് സംഘർഷത്തിനിടയിൽ യുവാക്കളിൽ നിന്ന് മർദ്ദനമേറ്റു. ഇതോടെ റോഡരികിൽ ആറുപേരും തമ്മിൽ കൂട്ട അടിയായി. യുവതി ചെരുപ്പ് ഉപയോഗിച്ച് യുവാവിന്റെ മുഖത്ത് ഉൾപ്പെടെ തല്ലുന്നത് വീഡിയോയിൽ കാണാം. കച്ചവടക്കാരും നാട്ടുകാരും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തമ്മിലടിയിൽ കലാശിച്ചത്. കഴിഞ്ഞ മാസം വടകരയിലും സമാനസംഭവം നടന്നിരുന്നു. അന്നും പെരുവഴിയിലാണ് ആളുകൾ തമ്മിൽ ഏറ്റുമുട്ടിയത്. 2023 ഏപ്രിൽ മാസത്തിൽ വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ, ബീഹാർ സ്വദേശിയായ വ്യക്തി മരണപ്പെട്ടിരുന്നു. ജെ.ടി. റോഡിലെ കെട്ടിടത്തിനു മുകളിൽ നിന്നും രണ്ടു പേർ താഴേക്ക് വീഴുകയും, ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയുമായിരുന്നു.