താമരശ്ശേരി: എഴുപതുകാരനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ആളുകൾ മർദിച്ചു. ജയിൽ വാസം കഴിഞ്ഞ് പുറത്തുവന്ന ആളെയാണ് കെട്ടിയിട്ട് മർദിച്ചത്. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാട്ടിലെ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്. ഞാറാഴ്ചയായിരുന്നു സംഭവം.75 ദിവസത്തെ ജയിൽശിക്ഷക്ക് ശേഷമാണ് കുഞ്ഞുമൊയ്‌തീൻ പുറത്തിറങ്ങിയത്. പരാതി നൽകിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുഞ്ഞുമൊയ്തീൻ കരുതുന്നത്. അക്രമമുണ്ടാകുമെന്ന് ഭയന്ന് കട്ടിപ്പാറയിലെ സഹോദരിയുടെ വീട്ടിലാണ് മൊയ്തീൻ താമസിച്ചിരുന്നത്. എന്നാൽ അവിടെയെത്തിയാണ് സംഘം ആക്രമണം നടത്തിയത്. മർദിച്ച ശേഷം വാഹനത്തിൽ കയറ്റി അങ്ങാടിയിൽ കൊണ്ടുവന്ന് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് വീണ്ടും മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റതിനെ തുടർന്ന് കുഞ്ഞുമൊയ്തീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താമരശ്ശേരി പൊലീസ് അക്രമ സംഘത്തിനെതിരെ കേസെടുത്തു.