ന്യൂഡൽഹി: ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കും, മറ്റ് സ്ഥാപനങ്ങൾക്കും ഐ.എസ്.ടി വേണമെന്നാണ് ആവശ്യം. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024ലൂടെ എല്ലാവിധ വ്യവഹാരങ്ങൾക്കും സമയത്തിന്‍റെ കാര്യത്തിൽ ഐ.എസ്.ടി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. രാജ്യത്ത് ഒരേയൊരു സമയരേഖ മാത്രമാണുള്ളത് അതാണ് -ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം.എന്നാൽ കൃത്യമായ ഏകീകൃത ഐ.എസ്.ടി സമയമല്ല സർക്കാർ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും നിലവിലുള്ളത്. ചെറിയ സമയവ്യത്യാസങ്ങൾ പലയിടങ്ങളിലുമുണ്ടാകും. കോടതി വ്യവഹാരങ്ങളിൽ പോലും നിലവിൽ ഏകീകൃത സമയമില്ല. ഇനി മുതൽ എല്ലാ ഔദ്യോഗിക, വാണിജ്യ, നിയമ കാര്യങ്ങളിലും കൃത്യമായ ഒരേയൊരു സമയം ഉപയോഗിക്കുകയാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്. സർക്കാർ ഓഫിസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐ.എസ്.ടി നിർബന്ധമായും പ്രദർശിപ്പിക്കുക, വിശ്വാസ്യതയും സൈബർ സുരക്ഷയും ഉറപ്പാക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുക, ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഐ.എസ്.ടി ഒഴികെയുള്ള സമയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.ചെറിയ സമയവ്യത്യാസം പോലും ഏറെ നിർണായകമാണെന്നും സമയകൃത്യത ഉറപ്പാക്കൽ ഈ രംഗങ്ങളിൽ പ്രധാനപ്പെട്ടതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ടെലികമ്യൂണിക്കേഷൻസ്, ബാങ്കിങ്, പ്രതിരോധം, പുത്തൻ സാങ്കേതിക വിദ്യകൾ, ഐ.ഐ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലും ഇത് ബാധകമാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും ഐ.എസ്.ടി പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഫെബ്രുവരി 14നകം അഭിപ്രായം അറിയിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.