കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായിരുന്ന മാമിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രജിത്ത് കുമാറിനെയും ഭാര്യയേയും കാണാതായിരിക്കുന്നത്.മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ മുതൽ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലിൽ ഇയാൾ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് കാണായത്. അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങിയ ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.കാണാതായി പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഓഗസ്റ്റ് 22 ന് ഇയാൾ തലക്കുളത്തൂരിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെ വഴി തിരിച്ചുവിടാൻ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്.