തിരുവനന്തപുരം: യുവസംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും കാണാതായ വസ്തുക്കൾ കണ്ടെത്തി. മരണ സമയത്ത് മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. എന്നാൽ മരണസമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കണ്ടെത്താനായില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഇടത്തുനിന്നാണ് ഇവ കണ്ടെത്തിയത്.മ്യൂസിയം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകൾ കാണാതായത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസ് നടത്തിയ തിരച്ചിലിലാണ് വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആർഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു.2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി. കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.അതേസമയം, മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മർദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മർദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മർദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയിൽ വ്യക്തമാക്കി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മർദ്ദിച്ചത്. മർദ്ദിച്ചയാളുടെ പേരും വെളിപ്പെടുത്തിയിരുന്നു.ഗുരുവായ ലെനിൻ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തി. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അത്. ഒരു സ്ത്രിയും പുരുഷനുമായിരുന്നു അതെന്നും നയന പറഞ്ഞെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് മരിച്ച നയന. ലെനിൻ രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു