തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഷാരോൺ കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്ത് കുറ്റപത്രം സമർപ്പിക്കുന്നത്.കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കലർത്തിയ വിഷം നൽകി. ഇതിന് മുമ്പ് ഷാരോണിന്റെ കോളേജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്.മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാൽ അനുനയത്തിൽ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും നടപ്പാക്കിയതിനാൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല. കാർപ്പിക് എന്ന കളനാശിനിയാണ് ഷാരോണിൻെറ ഉള്ളിൽ ചെന്നതെന്ന് ഫൊറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.