മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറില്‍ എയർ ഇന്ത്യക്ക് മാത്രം നിരക്ക് 1,25,000 രൂപയാണ്. കണ്ണൂർ വിമാനത്തവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചയില്‍ നിന്ന് 86000 രൂപയുമാണ്. കരിപ്പൂരിൽ നിന്ന് മാത്രം തീർത്ഥാടകർക്ക് 40,000 രൂപയോളം അധിക ചെലവ് വരും. കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്വാട്ട് ചെയ്ത നിരക്ക് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും കണ്ണൂരില്‍ 87000 രൂപയും കൊച്ചിയില്‍ സൗദി എയര്‍ലൈന്‍സ് ക്വാട്ട് ചെയ്ത നിരക്ക് 86,000 രൂപയുമാണ്.കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തുകയേക്കാള്‍ നാല്‍പ്പതിനായിരം രൂപയോളം കൂടുതലാണ് കോഴിക്കോട്ട് നിന്നുള്ളത്. ഈ എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്ത ഹാജിമാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണിത്. അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചിട്ടുണ്ട്. ഈ വർഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ നിന്ന് 15231 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.