മാഹി: കാശ് ലാഭിച്ച് പെട്രോളും ഡീസലുമടിക്കാൻ ഇനി മാഹിയിലോട്ട് പോകേണ്ട. പുതുവർഷത്തിൽ ഇന്ധന വില ഉയർത്താൻ ഒരുങ്ങുകയാണ് പുതുച്ചേരി. ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാസ നാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് അഥവാ മൂല്യവർധിത നികുതിയാണ് കൂട്ടുന്നത്.പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമാവും. ഡീസൽ 6.91 ശതമാനത്തിൽ നിന്നും 9.52 ശതമാനമായി മാറും. എന്നിരുന്നാലും കേരളത്തെ അപേക്ഷിച്ച് വില കുറവായിരിക്കും. പുതുച്ചേരിയുടെ വിവിധ മേഖലയിൽ വ്യത്യസ്ത രീതിയിലാണ് വില വർധന വരിക. ഇതിൽ തന്നെ ഏറ്റവും ഉയർന്ന വിലയാവും മാഹിയിൽ വരുന്നത്. നിലവിൽ പെട്രോൾ വില കേരളത്തിൽ 105 രൂപയും മാഹിയിലേത് 91 രൂപയാണ്. കൃത്യമായ വിലവർദ്ധനവ് എത്രയാണെന്ന് ഇന്ന് അർദ്ധരാത്രിയറിയാനാകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!