തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകൾക്ക് ഇനി സ്റ്റേറ്റ് പെർമിറ്റ്. കേരളത്തിൽ എവിടേക്കും യാത്രക്കാരുമായി പോകാനും മടങ്ങിവരാനും അനുവദിക്കുന്നതാണ് ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്. അതേസമയം, സ്റ്റേറ്റ് പെർമിറ്റിൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കുന്ന ഓട്ടോറിക്ഷകൾ കാലിയായി മടങ്ങണം.അഞ്ചുവർഷത്തേക്ക്‌ 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാൻ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു.നിലവിലെ ജില്ലാ പെർമിറ്റിൽ അതിർത്തി ജില്ലകളിലെ നിശ്ചിത ദൂരപരിധിക്കുള്ളിൽ സഞ്ചരിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ സവാരി നടത്താനായിരുന്നു അനുമതി. ഈ വ്യവസ്ഥയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഓട്ടോറിക്ഷയുടെ വേ​ഗപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. മണിക്കൂറിൽ 50 കിലോമീറ്റർ എന്നതാണ് നിലവിൽ ഓട്ടോറിക്ഷയുടെ വേഗപരിധി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!