കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മൃദംഗമിഷനും സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്.12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ അതിനനുസരിച്ച് സുരക്ഷയും ഒരുക്കേണ്ട ഉത്തരവാദിത്തം സംഘടകർക്കുണ്ടായിരുന്നു. എന്നാൽ വളരെ ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചാണ് മുകളിൽ കൈവരിയൊരുക്കിയതെന്ന് കണ്ടെത്തി. താത്കാലിക സ്‌റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാൽ റിബൺ കണ്ടപ്പോൾ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ്. വേദിയുടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എൽ.എ.യെ ആംബുലൻസിലെത്തിച്ചത്. കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ രാത്രി തന്നെ അപകടമുണ്ടായ സ്ഥലം പരിശോധിക്കുകയും കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.