കൊച്ചി: സ്റ്റേജിൽ നിന്നുവീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ.യുടെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്. ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തലച്ചോറിന് ​ഗുരുതര പരിക്കേറ്റതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചിരിക്കുന്നത്.ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം മാത്രമേ തുടർ ചികിത്സകൾ സംബന്ധിച്ച് തീരുമാനമെടുക്കു. ഈ സമയം നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇത്രയും ഉയരത്തിൽ നിന്നു വീഴുമ്പോൾ ഒന്നിലധികം പരിക്കുകൾ ശരീരത്തിൽ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയോ മറ്റ് ചികിത്സാവിധികളോ ആവശ്യമായി കാണുന്നില്ല. ശസ്ത്രക്രിയ ആവശ്യമില്ലെന്നു പറയുമ്പോൾ അവസ്ഥ ഗുരുതരമല്ല എന്ന് അർഥമാക്കേണ്ടതില്ല എന്നും ഡോക്ടർമാർ പറഞ്ഞു.”ഉമ തോമസിന് നിലവിൽ ബോധം വന്നിട്ടില്ല. വേഗത്തിൽ ഭേദമാകുന്ന അവസ്ഥയല്ല, ശരീരത്തിന് സാവധാനം നൽകുകയാണ് വേണ്ടത്. തീർത്തും മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ ആണ് എം.എൽ.എ. ബോധം, പ്രതികരണം, ഓർമ എന്നിവയെയൊക്കെ ബാധിക്കാവുന്ന അപകടമാണ് സംഭവിച്ചത്. സുഖം പ്രാപിക്കാൻ സമയം കൊടുക്കുകയാണ് വേണ്ടത്. അനിയന്ത്രിതമായ ആന്തരിക രക്തസ്രാവം ഇപ്പോൾ കാണുന്നില്ല. മുഖത്തെ അസ്ഥിക്കും പരിക്കുണ്ട്. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെ വിദഗ്ധരും സംഘമായി ചേർന്നാണ് പരിശോധിക്കുന്നത്”- ഡോക്ടർമാർ പറഞ്ഞു.ആശുപത്രിയിൽ എത്തുമ്പോൾ ചെറുതായി ബോധമുണ്ടായിരുന്നുവെന്നും വിദ​ഗ്ധസംഘം അറിയിച്ചു. കലൂർ നെഹ്രു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നർത്തകർ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമ തോമസ് എം.എൽ.എ. ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തിൽ ഇരിക്കാനായുമ്പോൾ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡിൽ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബൺ കെട്ടിവച്ചായിരുന്നു നിർമാണെന്നും ആരോപണമുണ്ട്.15 അടിയിൽ കൂടുതൽ ഉയരത്തിൽനിന്നാണ് എംഎൽഎ വീണതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എംഎൽഎ താഴേക്ക് വീണ് കോൺക്രീറ്റിൽ തലയിടിച്ചു. രക്തം വാർന്ന് ഒഴുകിയതോടെ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയശേഷം 200 മീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.‘‘ ബിപി സാധാരണ നിലയിലായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഓക്സിജൻ നൽകി. പൾസ് സാധാരണ നിലയിലാണ്. നല്ല രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സിടി സ്കാനിങ് എടുക്കുന്നു. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലൻസിലേക്ക് വിളിപ്പിച്ചത്. അപ്പോഴാണ് എംഎൽഎയെ കണ്ടത്. പരുക്ക് ഗുരുതരമാണോ എന്ന് സിടി സ്കാൻ എടുത്താലേ അറിയാൻ കഴിയൂ’’–സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.സംഭവമറിഞ്ഞ് മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും കുടുംബവും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലേക്കെത്തി. എഡിജിപി എസ്. ശ്രീജിത്തും കലക്ടറും ആശുപത്രിയിലുണ്ട്. തലയുടെ സ്കാനിങ് എടുത്തശേഷം ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!