ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വർഷാവസാന പരീക്ഷകളിൽ വിജയിച്ചില്ലെങ്കിൽ അതേ ക്ലാസിൽ തന്നെ ഒരു വർഷം കൂടി പഠിക്കേണ്ടി വരും.അതേസമയം, ഫലം വന്ന് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാൻ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇതിനായി വർഷാവസാന പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനും സംവിധാനമൊരുക്കും. എന്നാൽ, പുനഃപരീക്ഷയിലും പരാജയപ്പെട്ടാൽ ക്ലാസ് കയറ്റം അനുവദിക്കില്ല. വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകൾക്ക് ഈ വിജ്ഞാപനം ബാധകമാകുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു.സ്കൂൾ വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ, സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. 2019 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) ഭേദഗതിക്ക് ശേഷം 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 5, 8 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന ‘നോ ഡിറ്റൻഷൻ നയം’ ഒഴിവാക്കിയിരുന്നു.