ഡൽഹി: തൊട്ടതിനും പിടിച്ചതിനും ലോൺ എടുക്കുന്നവർക്ക് ഇനി പണിആകും, ചെറിയ തുക നൽകി പത്തിരട്ടി ആളുകളെ പിഴിയുന്ന ആപ്പുകൾക്കും ഉടൻ പിടി വീഴും. റിസർവ് ബാങ്കിന്റെയോ നിയന്ത്രണ ഏജന്‍സികളുടെയോ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള കരട് ബില്‍ കേന്ദ്രം അവതരിപ്പിച്ചു.ഇതോടെ നൂറുകണക്കിന് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്ക് പൂട്ട് വീഴും. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയും ക്രമവിരുദ്ധമായി വായ്പ നല്‍കുന്നവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമം ലംഘിച്ച് ആരെങ്കിലും ഡിജിറ്റലായോ മറ്റേതെങ്കിലും വിധത്തിലോ വായ്പ നല്‍കിയാല്‍ കുറഞ്ഞത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ പിഴയും ചുമത്താം. കടം കൊടുക്കുന്നയാളുടേയോ കടം വാങ്ങുന്നയാളുടേയോ ആസ്തി ഒന്നിലധികം സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സ്ഥിതി ചെയ്യുകയോ ചെയ്താല്‍ അന്വേഷണം സിബിഐക്ക് കൈമാറുമെന്നും ബില്ലില്‍ പറയുന്നുണ്ട്.അടുത്തിടെയായി ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കാരണം ഒട്ടനവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നിർദേശം. ഇത്തരം സംഭവങ്ങൾ കണക്കിലെടുത്ത്, 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഗൂഗിള്‍ ഇത്തരത്തിലുള്ള 2,200ലധികം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഉടൻ വിഷയത്തിൽ തീരുമാനം ഉണ്ടാക്കാൻ ആർബിഐ യും രംഗത്തുണ്ട്.