കൊച്ചി: കോതമംഗലത്ത് ആറു വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദമെന്ന സംശയം ബലപ്പെടുന്നു. കോതമംഗലം നെല്ലിക്കുഴിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. കുഞ്ഞിനെ രണ്ടാനമ്മയായ അനീഷ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം തേടവെയാണ് ദുർമന്ത്രവാദമെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത്. ഇതിന് പിന്നാലെ കുഞ്ഞിന്റെ രണ്ടാനമ്മയായ അനീഷ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ രണ്ടാം ഭാര്യയായ അനീഷ്യക്ക് ബാധയുണ്ടെന്ന് അജാസ് ഖാൻ അയൽവാസികളോടും പരിചയക്കാരോടും പറയാറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിൽ അന്ധവിശ്വാസം സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നത്.ഇന്നലെ രാവിലെയാണ് ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് പറഞ്ഞ് ഇന്നലെ രാവിലെ ആറോടെ അജാസ് ഖാൻ അയൽവാസികളെ സമീപിക്കുകയായിരുന്നു. ഭാര്യയ്‌ക്ക് ബാധയുണ്ടെന്ന് അജാസ് ഖാൻ അയൽക്കാരോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള എന്തെങ്കിലുമാണോ കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അജാസ്ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്‌ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു മുസ്‌കാൻ. തുടർന്ന് അജാസ് ഖാൻ ജോലിക്ക് പോയി, പുലർച്ചെ രണ്ട് മണിയോടെയാണ് തിരിച്ചെത്തിയത്. താനും ഭാര്യയും ഒരു മുറിയിലും മക്കൾ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. രാവിലെ പെൺകുട്ടി എഴുന്നേൽക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത് എന്നായിരുന്നു ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാദ്ധ്യതയാണ് ചൂണ്ടിക്കാട്ടിയത്.അറസ്റ്റിലായ അനീഷ്യയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് 23 കാരിയായ അനിഷ. യുവതിക്ക് രണ്ട് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. കൂടാതെ ഇപ്പോൾ ഗർഭിണിയുമാണ്. രണ്ടുവർഷം മുമ്പാണ് യുവതി അജാസിനൊപ്പം താമസം തുടങ്ങിയത്. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസ്സമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനീഷ ആദ്യം നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ദുർമന്ത്രവാദത്തിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്.