തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തിൻറെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.അജാസിന് മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്ദുജയെ അജാസാണ് മർദിച്ചതെന്നും സൂചനയുണ്ട്. അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് പൊലീസിന് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.സംഭവത്തിൽ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കു ഭർതൃവീട്ടിൽനിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭർതൃവീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.നാലുമാസംമുൻപാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവർഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!