കൊല്ലം: ജീവനക്കാരനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ബേക്കറി ഉടമയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കൃത്യത്തിന് ശേഷം കൊല്ലം കൊട്ടിയം തഴുത്തല സ്വ​​ദേശി പത്മരാജൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. അനില സംഭവസ്ഥലത്തുവച്ച് തന്നെ പൊള്ളലേറ്റു മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ ബേക്കറി ജീവനക്കാരൻ സോണി ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, താൻ ലക്ഷ്യമിട്ടത് സോണിയെയല്ല, അനിലയുടെ ആൺസുഹൃത്തും ബേക്കറിയുടെ പാർട്ണറുമായ ഹനീഷിനെയാണ് എന്ന് പ്രതി പത്മരാജൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി. ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകൾ ഉൾപ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.കൊല്ലം നായേഴ്സ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുകയായിരുന്നു അനില. കൊട്ടിയത്ത് കേറ്ററിങ് സ്ഥാപനം നടത്തുന്ന പത്മരാജന്റെ രണ്ടാമത്തെ വിവാഹമായിരുന്നു അനിലയുമായി. യുവതി തുടങ്ങിയ ബേക്കറിയുൽ യുവതിയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അടുത്തിടെയാണ് അനില നായേഴ്സ് ആശുപത്രിക്ക് സമീപം ബേക്കറി ആരംഭിച്ചത്. അനിലയുടെ സുഹൃത്തും ഇതിൽ പാർട്ണറായിരുന്നു. കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നൽകിയാൽ കടയിലെ പാർട്നർഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാൽ പത്മരാജനും അനിലയുടെ സുഹൃത്തുമായി സംഭവത്തിന്റെ പേരിൽ കയ്യാങ്കളി നടന്നു. ബേക്കറിയിൽ വച്ചായിരുന്നു ഇവർ തമ്മിൽ അടിപിടിയുണ്ടായത്. ഇതിനിടെ പാർട്‌നർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു.എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ന് രാത്രിയോടെ അനിലയെ പിന്തുടർന്നെത്തിയ പത്മരാജൻ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കടയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിയ്ക്ക് നേരെ പത്മരാജൻ പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.ബേക്കറി അടച്ചശേഷം അനില കാറിൽ വരുന്നതും നിരീക്ഷിച്ച് പത്മരാജൻ ചെമ്മാൻമുക്കിനു സമീപം കാത്തുകിടക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ചെമ്മാൻമുക്ക് ജംക്‌ഷനിൽ കാർ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. പൊള്ളലുകളോടെ കാറിൽനിന്ന് ഇറങ്ങിയോടിയ സോണിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജൻ ഓട്ടോറിക്ഷയിൽ കയറി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!