ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു.യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാല്‍ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.