ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ സിപിഐയും പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എംപിയും ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ശ്രീനഗറിൽ നടക്കുന്ന സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സിപിഐ അറിയിച്ചു.മികച്ച ഇന്ത്യയെ രൂപപ്പെടുത്താൻ ഒരുമിച്ച് നിൽക്കുകയെന്ന ആശയം പ്രചോദിപ്പിക്കുന്നതായി ഖാർഗെയ്ക്ക് അയച്ച കത്തിൽ രാജ ചൂണ്ടിക്കാട്ടി. ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാർട്ടികളെ ക്ഷണിച്ചതായി കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.30-ാം തീയതി ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് യാത്ര കശ്മീരിൽ എത്തുന്നത്.അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. ചിലയിടങ്ങളിൽ കാൽനടയാത്ര ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.