കൊല്ലം: തർക്കം കയ്യാങ്കളിയിലെത്തിയതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു. കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളി തൊടിയൂരിലാണ് സംഭവം. പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇത് രണ്ടാം തവണയാണ് തർക്കത്തെ തുടർന്ന് സിപിഎമ്മിന്റെ തൊടിയൂർ ലോക്കൽ സമ്മേളനം നിർത്തിവെക്കുന്നത്.മുൻപ് സമ്മേളനം നിശ്ചയിച്ച സമയത്ത് ഏഴുപേർ മത്സരിക്കാനായി രംഗത്തെത്തിയിരുന്നു. ഇവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ, ഇത് ഫലം കാണാത്തതിനെ തുടർന്ന് അന്ന് സമ്മേളനം നിർത്തിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് സമ്മേളനം നടത്താൻ തീരുമാനിച്ചത്. 87 സമ്മേളന പ്രതിനിധികളുണ്ടായിരുന്നു. അതിൽ ഏഴ് അംഗങ്ങൾ വീണ്ടും മത്സരിക്കാനായി രംഗത്തെത്തി. മത്സരത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കുമെന്ന ഭീഷണി സംസ്ഥാന നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടായതായാണ് സൂചന. എന്നാൽ, ഭീഷണി മുഖവിലയ്ക്ക് എടുക്കാതെ പാർട്ടി അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു.87 പേരിൽ 17 പേർ മാത്രമാണ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചത്. ബാക്കി 70 പേർ എതിർപ്പുമായി രംഗത്തെത്തി. കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ സമ്മേളനം നിർത്തിവെച്ചു. ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുപ്പക്കാരനായ ബാർ മുതലാളിയെയും മറ്റൊരു ക്വട്ടേഷൻ സംഘാംഗത്തെയും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നാണ് മറുഭാഗം പറയുന്നത്. ഇതൊഴിവാക്കാനാണ് ഏഴുപേർ മത്സരിക്കാനായി രംഗത്തെത്തിയതെന്നും ഇവർ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!