തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയിൽ ശാന്തമായിരുന്ന വിഭാ​ഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കൾ കരുനീക്കങ്ങൾ ശക്തമാക്കിയത്. സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ അനുകൂലികൾ സൈബർ ലോകത്ത് രൂക്ഷ വിമർശനം ഉയർത്തുമ്പോൾ, സന്ദീപ് വാര്യർ പാർട്ടി വിട്ടതിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന നേതൃത്വത്തിനാണെന്ന വിമർശനമാണ് മറു വിഭാ​ഗം ഉയർത്തുന്നത്.രണ്ടിലേറെ ​ഗ്രൂപ്പുകളാണ് കേരളത്തിലെ ബിജെപിയിലുള്ളത്. കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാ​ഗവും മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്ന വിഭാ​ഗവും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാ​ഗവുമാണ് പ്രബലമായ മൂന്ന് ​ഗ്രൂപ്പുകൾ. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തിൽ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് വിമർശനങ്ങൾ ഉയരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമല്ലെങ്കിൽ കെ സുരേന്ദ്രനെതിരെ ശക്തമായ പടപ്പുറപ്പാടുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നുണ്ട്.സുരേന്ദ്രനുമായി തുടക്കംതൊട്ടേ സ്വരച്ചേർച്ചയിലായിരുന്നില്ല സന്ദീപ്. എന്നാൽ, ആർ.എസ്.എസുമായി നല്ലബന്ധത്തിലും. ഈ ബന്ധം പ്രയോജനപ്പെടുത്താനാണ് സന്ദീപിനെ അനുനയിപ്പിക്കാൻ ആർ.എസ്.എസ്. നേതാക്കൾ ഇറങ്ങിയതും. എന്നിട്ടും നേതൃത്വത്തിനും പാലക്കാട് സ്ഥാനാർഥിക്കുമെതിരേ വിമർശനംതുടർന്ന സന്ദീപിനെ ആർ.എസ്.എസും കൈവിട്ടതോടെ അച്ചടക്കനപടിയിലേക്കു നീങ്ങുകയായിരുന്നു പാർട്ടി. അച്ചടക്കനടപടി പുറത്താക്കൽതന്നെയായിരുന്നു. ഇത് മുൻകൂട്ടിയറിഞ്ഞാണ് കോൺഗ്രസുമായി കൈകോർക്കാൻ സന്ദീപ് തയ്യാറായതും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!