കല്‍പ്പറ്റ: കർണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. വയനാട് തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത്. അൻപതോളം യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.