ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കുന്നത്. 51-ാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. തിങ്കളാഴ്ച രാവിലെ പത്തിന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് ഈ പദവയിൽ രണ്ടുവർഷം ലഭിച്ചെങ്കിൽ ജസ്റ്റിസ് ഖന്നയ്ക്ക് ആറ് മാസമാണുണ്ടാവുക. 2025 മേയ് 13-ന് ജസ്റ്റിസ് ഖന്ന വിരമിക്കും. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കൽ, കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കൽ തുടങ്ങിയവ ജസ്റ്റിസ് ഖന്ന ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ഇടക്കാലജാമ്യം നൽകിയതും ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ ഹിന്ദി ലക്ചറർ ആയിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്നയുടെ ജനനം. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി. 2019 ജനുവരി 18-നാണ് സുപ്രീംകോടതിയിലെത്തിയത്.