കോഴിക്കോട്: വെസ്റ്റ്ഹിൽ കൊന്നാട് കടപ്പുറത്ത് തിരമാലയ്ക്കൊപ്പം എത്തിയ മത്തിക്കൂട്ടം കാഴ്ചക്കാർക്ക് കൗതുകമായി. തിരമാല പിൻവലിഞ്ഞപ്പോൾ ജീവനുള്ള മത്തിക്കൂട്ടം കരയിലടിഞ്ഞു. അവിടെ കൂടിനിന്നിരുന്ന ആളുകൾ മത്തി ശേഖരിക്കുന്ന തിരക്കിലായിരുന്നു പിന്നീട്.ഇന്നലെ രാവിലെ പതിനൊന്നു നാൽപ്പതോടെയാണ് മത്തി കരയ്ക്കടിഞ്ഞത്. ഇത് ചാകരയല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ചില സന്ദർഭങ്ങളിൽ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടൽ മത്സ്യ പഠന ഗവേഷക കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തിൽ കരയോടുത്തു സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്കു തള്ളപ്പെടും.അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ പ്രതിഭാസം നീളും. ഈ സന്ദർഭത്തിൽ മത്സ്യങ്ങൾക്കു തിരിച്ച് ഉൾക്കടലിലേക്കു പോകാൻ കഴിയാത്ത അവസ്ഥ വരും. തെക്കൻ കേരളത്തിലാണ് ഈ പ്രതിഭാസം കൂടുതലായും കാണുന്നത്. ഇത് കടൽവെള്ള സാന്ദ്രത കുറയുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണെന്നു കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു.